മൊത്തത്തിൽ രസമാണ്.
വെളുപ്പിന് കണ്ടുണർന്ന സ്വപ്നം മുതൽ അന്ന് രാത്രിയിൽ കണ്ട് തുടങ്ങുന്ന സ്വപ്നം വരെ.
സ്വപ്നത്തിൽ നിന്നുണർന്ന് നേരെ നടന്ന് പോകുന്ന ചായക്കടയോ ബാറോ അല്ലെങ്കിൽ ഇന്നലെ വരെ നടന്ന് മടുത്ത,ഇനിയൊരിക്കലും നടക്കില്ല എന്ന് പ്രതിജ്ഞ എടുത്ത ഒരു റോഡ്.
ആ പ്രതിജ്ഞക്ക് പല കാരണങ്ങളുണ്ട്.
1.നിങ്ങൾ നിങ്ങളുടെ ആദ്യത്തെ കാമുകിയെ കണ്ടുമുട്ടിയത് ആ വഴിയിൽ വച്ചാണ്.
2.ഏതോ വണ്ടിയിടിച്ച് ചത്തുപോയ ഒരു പട്ടിക്കുട്ടിയെ നിങ്ങൾ ആദ്യമായിക്കണ്ടത് നിങ്ങളുടെ ആദ്യകാമുകിയെ കണ്ടുമുട്ടിയ ആ റോഡിലെ വളവ് എത്തുന്നതിന് തൊട്ടുമുൻപുള്ള മാവിൻചുവട്ടിലാണ്.
3. നിങ്ങൾ ആദ്യമായി ഒരു കൊലപാതകത്തിന് സാക്ഷിയാവുന്നത് ഈ വഴിയിൽ വച്ചാണ്.
4.പിന്നീട് നിങ്ങളുടെ ഭാര്യയായി മാറിയ നിങ്ങളുടെ മൂന്നാം കാമുകി നിങ്ങളെ വിട്ടുപോയതും ഇവിടെ വച്ച് തന്നെ.
ഇനിയും നിങ്ങൾ ഇതേ വഴിയിൽക്കൂടിത്തന്നെ നടന്നുകൊണ്ടിരിക്കും.കാരണം ആ വഴിയോട് നിങ്ങൾ പോലുമറിയാതെ നിങ്ങൾ പ്രണയത്തിലാണ്,എന്നോ മുതൽ.
നിങ്ങൾ ഈ റോഡിൽക്കൂടി ഇന്ന് രാവിലെയും നടന്നു;നിങ്ങൾക്ക് ഇഷ്ടമുള്ളത് കൊണ്ടോ അല്ലെങ്കിൽ വിധിക്കപ്പെട്ടത് കൊണ്ടോ.